ന്യൂഡൽഹി:സിബിഎസ്ഇ രണ്ടാംഘട്ട പരീക്ഷയ്ക്ക് 6.68 ലക്ഷത്തിലേറെ അപേക്ഷകൾ ലഭിച്ചു. ഈ മാസം ആദ്യം മുഖ്യപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചിരുന്നു. മാർക്ക് കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണു രണ്ടാംഘട്ടത്തിലെ ഭൂരിഭാഗം അപേക്ഷകളെന്നു സിബിഎസ്ഇ അറിയിച്ചു.
രണ്ടാംഘട്ട പരീക്ഷയ്ക്ക് റെഗുലർ വിദ്യാർഥികളിൽനിന്ന് മൊത്തം 6,68,854 അപേക്ഷകളാണു ലഭിച്ചത്. ഇതിൽ 5,25,655 ഉം മാർക്ക് മെച്ചപ്പെടുത്തുന്നതിനുള്ളതാണ്. അവശേഷിച്ചവ സപ്ലിമെന്ററി പരീക്ഷകൾക്കും.
ഈവർഷം മുതലാണ് പത്താംക്ലാസ് പരീക്ഷ രണ്ടുഘട്ടങ്ങളിൽ നടത്തുന്നത്. ആദ്യത്തെ പരീക്ഷ വിദ്യാർഥികൾ നിർബന്ധമായും എഴുതണം. മാർക്ക് മെച്ചപ്പെടുത്തുന്നതിനും ഒന്നോ രണ്ടു വിഷയങ്ങളിൽ പരാജയപ്പെടുന്നവർക്കുള്ള സപ്ലിമെന്ററി പരീക്ഷയ്ക്കുമാണു രണ്ടാംഘട്ടത്തിൽ അവസരം.
രണ്ടു പരീക്ഷയിലെയും ഉയർന്ന മാർക്ക് സർട്ടിഫിക്കറ്റിൽ ചേർക്കും.രണ്ടാംഘട്ട പരീക്ഷ അടുത്തമാസം പതിനഞ്ച് മുതൽ 21 വരെയുള്ള തീയതികളിൽ നടത്തുമെന്നും സിപിഎസ്ഇ അറിയിച്ചു.